മുംബൈ: പുതുവത്സരാഘോഷത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് 283 പേർക്കെതിരെ കേസെടുത്തു. മുംബൈ പോലീസാണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രണ്ടു ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 283 പേരെ പിടികൂടിയത്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ഗിർഗാം ചൗപ്പട്ടി, തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രി ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്. കൂടാതെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തിലും മുംബാദേവി ക്ഷേത്രത്തിലും പള്ളികളിലും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.















