പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണണമേർപ്പെടുത്തി. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കും. വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. ജനുവരി 14-ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിറ്റേന്ന് 15-ാം തീയതി 40,000 പേർക്കാകും ദർശനം അനുവദിക്കുക.
14,15 ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കിനാകും ശബരിമല സാക്ഷ്യം വഹിക്കുക. ഈ സാഹചര്യം കണക്കിലെടുത്ത് സ്ത്രീകളും കുട്ടികളും തീർത്ഥാടനം ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. 16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത് അറിയിച്ചു.
മകരവിളക്കിന് മൂന്ന് ദിവസം മുൻപ് തന്നെ അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സാഹചര്യത്തിൽ കൂടുതൽ പേർ മല ചവിട്ടിയെത്തിയാൽ ദർശനത്തിന് തടസം നേരിടും. ഒപ്പം സുരക്ഷയെയും ബാധിക്കും. ഇത് കണക്കിലെടുത്താണ് പത്താം തീയതി മുതലുള്ള സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു.