ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 263 പേർക്ക് കൊറോണയുടെ ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. ഏറ്റവും കൂടുതൽ ജെഎൻ-1 കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 133 പേർക്കാണ് കേരളത്തിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം ഒമ്പത് സംസ്ഥാനങ്ങളിൽ ജെഎൻ-1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജെഎൻ-1 രോഗികളുടെ എണ്ണത്തിൽ ഗോവയാണ് രണ്ടാമത്. 51 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്ത് (34), ഡൽഹി (16), കർണാടക (8), മഹാരാഷ്‌ട്ര (9), രാജസ്ഥാൻ (5), തമിഴ്നാട് (4), തെലങ്കാന (2), ഒഡീഷ (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
രാജ്യത്ത് 2023 ഡിസംബറിൽ 239 ജെഎൻ-1 കേസുകളും നവംബറിൽ 24 ജെഎൻ-1 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2023 സെപ്റ്റംബറിൽ യുഎസിലാണ് കൊറോണയുടെ ഉപവകഭേദം ജെഎൻ-1 ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് അതിവേഗം ചൈനയിൽ ഉൾപ്പെടെ വ്യാപിക്കുകയായിരുന്നു. ഇന്ത്യയിൽ വ്യാപനത്തിന്റെ തോത് കുറയാൻ കാരണം കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രത തുടരുന്നതിനാലാണ്.















