പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ടിന്നുകളുടെ ക്ഷാമമാണ് പ്രതിസന്ധിയ്ക്ക് കാരണം. നിലവിൽ ഒരു തീർത്ഥാടകന് അഞ്ച് ടിന്ന് അരവണ മാത്രമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് കൂടുതൽ ടിന്നുകൾ എത്തുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. അരവണയ്ക്കുള്ള ടിന്നുകളുടെ കരാർ രണ്ട് കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒരു കമ്പനി ടിന്നുകൾ നൽകാതെ വന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. പ്രശ്ന പരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി ടിന്ന് നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. ഇതോടെ പ്രതിസന്ധി അവസാനിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയിൽ പ്രതിദിനം മൂന്ന് ലക്ഷംവരെ അരവണയാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഞായറാഴ്ച മുതൽ ഇതിന്റെ പകുതി മാത്രം അരവണയാണ് വിതരണം ചെയ്യുന്നത്.















