തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി സർക്കാർ ആരംഭിച്ച എഐ ക്യാമറ പദ്ധതി പ്രതിസന്ധിയിൽ. ക്യാമറകൾ പ്രവർത്തനം തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും സർക്കാർ കരാർ തുക നൽകാത്തതാണ് കാരണം. ഇതിൽ പ്രതിഷേധിച്ച് കെൽട്രോൺ എല്ലാ നിയമലംഘനത്തിനും പിഴ ഈടാക്കുന്ന രീതി അവസാനിപ്പിച്ചതായാണ് വിവരം.
നേരത്തെ പ്രതിദിനം 40,000 പിഴ നോട്ടീസുകളാണ് അയച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അത് 14,000 ആയി വെട്ടിക്കുറച്ചിരിക്കുകയാണ്. മൂന്ന് മാസം കൂടുമ്പോൾ സർക്കാർ കെൽട്രോണിന് പതിനൊന്നരക്കോടി രൂപയാണ് കരാർ തുക നൽകേണ്ടത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് നടപ്പാക്കിയ ശേഷം കരാർതുക നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
146 ജീവനക്കാരെയായിരുന്നു ആദ്യം ക്യാമറ നിരീക്ഷണത്തിനും പിഴയീടാക്കലിനുമായി കെൽട്രോൺ നിയമിച്ചിരുന്നത്. ഇതിൽ 44 ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. കൂടാതെ എഐ ക്യാമറയുടെ പ്രവർത്തനങ്ങൾക്കായി കെൽട്രോണിന് പ്രതിമാസം ഒന്നരക്കോടി രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട്. നിലവിൽ 26 കോടി രൂപയോളമാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. ഈ പണം നൽകാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്.