തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവ്വീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവ്വീസ് തുടരുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാൽ നഷ്ടം കുറയ്‌ക്കാനും വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവുകുറയ്‌ക്കാനും ശ്രമിക്കും. കെഎസ്ആർടിസി സ്റ്റാൻഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ കമ്പനികളുടെ ഫണ്ട് സ്വീകരിച്ച് കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവ്വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ വിഷയത്തിൽ കെൽട്രോണിന് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകും. ഇക്കാര്യത്തിൽ ധനകാര്യമന്ത്രി കെഎൻ ബാലഗോപാലുമായി ചർച്ച നടത്തും. ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വയ്‌ക്കും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.