തൃശൂർ: മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി സാമൂഹ്യ, സാമുദായിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തെ ചില സംഘടനകൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിഎംഒ ഓഫീസ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമത്തിന് ശേഷമായിരിക്കുമെന്നും പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തുകയെന്നും സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നത്. വൈകിട്ട് മൂന്ന് മണിയ്‌ക്ക് തേക്കിൻകാട് മൈതാനത്തെ സമ്മേളനത്തിൽ രണ്ട് ലക്ഷം സ്ത്രീകളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂരിൽ എത്തുന്ന പ്രധാനമന്ത്രിയെ കളക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നായ്‌ക്കനാൽ വരെ ഒന്നര കിലോമീറ്റർ നീളും.















