പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ നാം ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നെങ്കിലും അവിടെ മനുഷ്യവാസം സാധ്യമാകുമോയെന്ന് കണ്ടെത്താനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഒപ്പം ഭൂമിയുടെ അയൽഗ്രഹങ്ങളെക്കുറിച്ചും വേണ്ടുവോളം പര്യവേഷണം നാം നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ വാതകഭീമനായ ശനിക്ക് വലിയൊരു പ്രത്യേകതയുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമായ ശനിയിലേക്ക് പ്രവേശിച്ച് പഠനം നടത്താൻ സാധിക്കില്ലെന്നാണ് കണ്ടെത്തൽ. കാരണം ശനിയെന്ന ഗ്രഹത്തിൽ ‘ലാൻഡ്’ ചെയ്യാൻ കഴിയില്ല. എന്തുകൊണ്ടാണെന്ന് നോക്കാം..
സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹമാണ് ശനി. വാതകഭീമനാണെന്നതിനാൽ ഇവിടേക്ക് കാലുകുത്താൻ ഒരു വസ്തുവിനും കഴിയില്ല. ശനി എന്ന ഗ്രഹത്തിൽ മുഴുവനും ഹൈഡ്രജനും ഹീലിയവുമാണ് നിറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ജലാംശവും അമോണിയയും മീഥൈനും കലർന്നിരിക്കുന്നു. ശനിയുടെ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ കടുത്ത സമ്മർദ്ദം മൂലം ഈ വാതകങ്ങൾ ദ്രാവകരൂപത്തിലാകും. അതായത് സമ്മർദ്ദവും താപനിലയും അനുകൂലമല്ലെന്ന് സാരം.
ഭൂമിയുടെ അന്തരീക്ഷ സമ്മർദ്ദവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, ഇവിടെ 1 bar എന്നത് ശനിയിൽ 1 മില്യൺ bar ആണ്. അതിനാൽ ശനിയിലേക്ക് ഒരു മനുഷ്യൻ പ്രവേശിച്ചാൽ തിളച്ചുമറിയുന്ന അവസ്ഥയ്‌ക്ക് തുല്യമായിരിക്കും.
ഭൂമിയേക്കാൾ ഒമ്പത് മടങ്ങ് വലിപ്പമുള്ള വ്യാസാർദ്ധമാണ് ശനിക്കുള്ളത്. 58,232 കിലോമീറ്ററാണ് വ്യാസാർദ്ധം. ഇവിടുത്തെ ഒരു ദിനം 10.7 മണിക്കൂർ മാത്രമാണ്. സൂര്യനെ ഒരു തവണ വലംവയ്‌ക്കാൻ 29.4 ഭൗമവർഷങ്ങളെടുക്കുകയും ചെയ്യും. ഭൂമിക്ക് ഒരു ചന്ദ്രൻ മാത്രമേ ഉപഗ്രഹമായുള്ളൂവെങ്കിൽ ശനിക്ക് 146 ചന്ദ്രന്മാരുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇനിയുമേറെ ഉപഗ്രഹങ്ങളെ തിരിച്ചറിയാനുണ്ടെന്ന് നാസ പറയുന്നു.
ഇപ്പോഴും വലിയ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് പ്രപഞ്ചം. മനുഷ്യൻ കണ്ടെത്തിയ രഹസ്യങ്ങളുടെ എത്രയോ ഇരട്ടി വസ്തുതകൾ ഇനിയും അവിടെ മറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അനവധി ചോദ്യങ്ങൾക്കുത്തരം ഇപ്പോഴും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. എങ്കിലും സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചും ആഴത്തിൽ അറിയാനുള്ള ശ്രമം ജ്യോതിശാസ്ത്രജ്ഞർ തുടരുകയാണ്.