തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നടിയും നർത്തകിയുമായ ശോഭന. തൃശൂർ തേക്കിൻകാട്ട് മൈതാനത്തിൽ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലായിരുന്നു കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചത്. രാജ്യത്ത് വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. ഇത്രയധികം സ്ത്രീകളെ ഒന്നിച്ച് ഇന്നുവരെ കണ്ടിട്ടില്ല. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും ശോഭന കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീരത്‌നങ്ങളാണ് പ്രധാനമന്ത്രിക്കൊപ്പം തേക്കിൻകാട്ട് മൈതാനത്തിലെ വേദി പങ്കിടാനായി എത്തിയത്. വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു. പ്രധാനമന്ത്രി മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരെ പ്രധാനമന്ത്രി കൈകൾ കൂപ്പി വണങ്ങി.
സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ രണ്ടു ലക്ഷത്തിലധികം സ്ത്രീകളാണ് തേക്കിൻകാട് മൈതാനിയിൽ എത്തിയത്. മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രിയെ മഹിളകൾ വേദയിലേക്ക് വരവേറ്റത്.















