തിരുവനന്തപുരം: കേരളീയം പരിപാടിയിൽ മികച്ച സ്പോൺസർമാരെ കണ്ടെത്തിയതിന് മുഖ്യമന്ത്രി ആദരിച്ച ജിഎസ്ടി വകുപ്പ് അഡീഷണൽ കമ്മീഷണർ എസ്. ഏബ്രഹാം റെന്നിന് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ തീരുമാനം. സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്പെഷ്യൽ കമ്മീഷണറായി സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം. സ്പെഷ്യൽ കമ്മീഷണറുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം.
കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും അവതരിപ്പിക്കുന്ന പരിപാടിയെന്ന് കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടിയിൽ മികച്ച സ്പോൺസർമാരെ കണ്ടെത്തിയതിനായിരുന്നു ഏബ്രഹാമിനെ ആദരിച്ചത്. ജിഎസ്ടി വകുപ്പിൽ അഡീഷണൽ കമ്മീഷണർ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയിൽ സ്പോൺസർമാരെ കണ്ടെത്തിയത്. ഐആർഎസ് ഉദ്യോഗസ്ഥനായ ഏബ്രഹാം റെൻ ഡെപ്യൂട്ടേഷനിലാണ് കേരളത്തിലെത്തിയത്. ഐആർഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷന് ആനുപാതികമായ തസ്തിക ഇവിടെയും സൃഷ്ടിച്ചാണ് നിയമനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ കേരളീയം പരിപാടിക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന് നിയോഗിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയുടെ വക സ്ഥാനക്കയറ്റവും.