കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്റെ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മനുവിന് കീഴടങ്ങാൻ കോടതി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഹർജി സമർപ്പിച്ചിരിക്കുന്നത്. കീഴടങ്ങാൻ തനിയ്‌ക്ക് പത്ത് ദിവസത്തെ സാവകാശം കൂടി വേണമെന്നാണ് ഉപഹർജിയിലെ ആവശ്യം.
നേരത്തെ മനു ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയോട് കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെ മനു മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കര എസ്എച്ച്ഒ അടക്കം 6 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഐടി ആക്ട് സഹിതം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയായിരുന്നു മനു യുവതിയെ പീഡിപ്പിച്ചത്. ഔദ്യോഗിക വാഹനത്തിലായിരുന്നു ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കാണിച്ചും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.















