തിരുവനന്തപുരം: മിച്ചഭൂമി കേസിൽ സിപിഎം നേതാവും മുൻ തിരുവമ്പാടി എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി 2001-ൽ മറിച്ചു വിറ്റെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. അഗസ്റ്റിൻ എന്ന വ്യക്തിയ്‌ക്ക് 2001ൽ വിറ്റ ഈ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായും ലാൻഡ് ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മിച്ച ഭൂമി ലാൻഡ് ബോർഡ് പിടിച്ചെടുക്കുന്നത് ഇല്ലാതാകുന്നതിന് വേണ്ടിയാണ് ഭൂമി മറിച്ച് വിറ്റതും പിന്നീട് ഭാര്യയുടെ പേരിൽ ഈ ഭൂമി വീണ്ടും സ്വന്തമാക്കിയതും. 2001-ൽ വിറ്റ ഭൂമി 2022-ലാണ്് തിരിച്ചു വാങ്ങിയത്. ഇതിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വാസ്തവമാണെന്നും ഇവിടെ ഇരുനില വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നുമുള്ള റിപ്പോർട്ട് ലാൻഡ് ബോർഡ് നൽകിയത്. സംഭവത്തിൽ വിജിലൻസും അന്വേഷണം ആരംഭിച്ചു. ജോർജ് എം തോമസ് 16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി കൈവശം വച്ചെന്നായിരുന്നു പരാതി.















