എറണാകുളം: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ സുപ്രീംകോടതിയെ സമീപിച്ചെന്നും അതിൽ കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നും ചൂണ്ടിക്കാട്ടി പി ജി മനു നൽകിയ ഉപഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. നേരത്തെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് തള്ളിയിരുന്നു.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയായിരുന്നു മനു യുവതിയെ പീഡിപ്പിച്ചത്. ഔദ്യോഗിക വാഹനത്തിലായിരുന്നു ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.















