അഹമ്മദാബാദ്: ഗുജറാത്തിൽ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഈ മാസം 9-നാണ് ഇരുവരും റോഡ് ഷോ നടത്തുക. അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് സബർമതി ആശ്രമത്തിലേക്കായിരിക്കും റോഡ് ഷോയെന്നാണ് സൂചന.
ജനുവരി 10 മുതൽ 12 വരെ ഗാന്ധി നഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവന്മാരിൽ ഒരാളാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എയർപോർട്ടിലെത്തുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും സ്വീകരിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്ഷർധാം മാത്യകയിലുള്ള അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ വിഗ്രഹ പ്രതിഷ്ഠ നടക്കും. വൈകിട്ട് നടക്കുന്ന സമർപ്പണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇയിൽ ഹിന്ദു ക്ഷേത്രം പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും പറഞ്ഞിരുന്നു.















