ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണ സംഘം. സർവകലാശാലയുടെ ചുവരുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ നൽകാൻ ഡൽഹി പോലീസ് സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടു.
ഡൽഹി പോലീസ്, എൻഐഎ, എൻഎസ്ജി സംഘങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ജാമിയ നഗറിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ വന്നതാണെന്ന് പോലീസിന്റെ നിഗമനം. ജാമിയ മില്ലിയ ഇസ്ലാമിയ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നാണ് ഇയാൾ ഓട്ടോറിക്ഷയിൽ കയറിയത്. സംഭവം സ്ഥലത്തേക്ക് ഇയാളെ കൊണ്ടുവിട്ട ഓട്ടോറിക്ഷാ ഡ്രൈവറെ ഇതിനകം ചോദ്യം ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകൾ പോലീസ് അന്ന് തന്നെ ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഐഇഡി സ്ഫോടനമല്ലെന്നും പ്രാദേശികമായി നിർമിച്ച ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും എൻഎസ്ജി കണ്ടെത്തി.
ഡിസംബർ 26 ന് വൈകുന്നേരമാണ് ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇസ്രായേൽ അംബാസഡറെ അധിക്ഷേപിക്കുന്ന കത്ത് പോലീസ് കണ്ടെത്തിയിരുന്നു.















