കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗോൺ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ ശങ്കർ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തു. റേഷൻ വിതരണ അഴിമതി കേസിലാണ് അറസ്റ്റ്. 24 പർഗാനാസിൽ വച്ച് ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ടിഎംസി പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. ശങ്കർ ആദ്യയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർക്ക് നേരെ അക്രമികളുടെ കല്ലേറുണ്ടായത്.
ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളിൽ ഇന്നലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ 200-ഓളം വരുന്ന ആളുകളാണ് ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ജവാൻമാരെയും അക്രമിച്ചത്. ഇഷ്ടികയും കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അക്രമണം നടന്നതെന്ന് ഇഡി വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.















