ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യ സ്ഥാനത്ത്. ലാഗ്രജിയൻ പോയിന്റിൽ നിന്നും പേടകം നിശ്ചിതഭ്രമണപഥമായ ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
” ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു. ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞർ സമർപ്പിച്ച അർപ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതിൽ ഞാനും രാജ്യത്തിനൊപ്പം പങ്കുചേരുന്നു. മാനവരാശിക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ശാസ്ത്രത്തിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രകൾ ഇനിയും ഇന്ത്യ തുടരും.”- പ്രധാനമന്ത്രി കുറിച്ചു.
India creates yet another landmark. India’s first solar observatory Aditya-L1 reaches it destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…
— Narendra Modi (@narendramodi) January 6, 2024
സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാഗ്രാഞ്ച് പോയിന്റിലെത്തിയത്. ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി മാറിയിരിക്കുകയാണ് ഐഎസ്ആർഒ.















