ലക്‌നൗ: ഉത്തർപ്രദേശിനെ ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തുന്ന അയോദ്ധ്യയിലെ രാമക്ഷേത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ് ലോകം. വിവിധ ഭാഗങ്ങളിൽ നിന്നായി നാനാ-ജാതി, നാനാ-ഭാഷക്കാർ പ്രതിഷ്ഠാ ചടങ്ങിനായി എത്തുമ്പോൾ ഭക്തർക്ക് സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ സൗകര്യമൊരുക്കിയിരിക്കുകയാണ് പേടിഎം. ഇതുമായി ബന്ധപ്പെട്ട് പേടിഎം അയോദ്ധ്യയിലെ മുൻസിപ്പൽ കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. നഗരസഭ പരിസരത്ത് എത്തുന്ന ഭക്തർക്ക് ബുക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൂടുതൽ സംവിധാനങ്ങൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പേടിഎം ചീഫ് ബിസിനസ് ഓഫീസർ അഭയ് ശർമ്മ പറഞ്ഞു.
” ഏറെ പ്രതീക്ഷയോടെയാണ് രാമമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായി രാജ്യം കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഈ വിശുദ്ധ നഗരം സന്ദർശിക്കാൻ ദശലക്ഷക്കണക്കിന് ഭക്തരാണ് ദിനംപ്രതി എത്തുന്നത്. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ മൊബൈൽ പേയ്‌മെന്റുകൾ നടത്തുന്നതിനായി അയോദ്ധ്യ നഗര സഭയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”- അഭയ് ശർമ്മ പറഞ്ഞു.
ദശലക്ഷം ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി അയോദ്ധ്യ ഒരുങ്ങുമ്പോൾ സുഗമമായ പേയ്‌മെന്റ് സൗകര്യങ്ങൾക്ക് പേടിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് അയോദ്ധ്യ നഗരസഭ മേയർ ഗിരീഷ് പതി ത്രിപാഠിയും രംഗത്തെത്തിയിരുന്നു. ജനുവരി 22-ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ക്ഷണിക്കപ്പെട്ട 8000 അതിഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.















