കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽകണ്ടെത്തി. കാസർകോട് എആർ ക്യാമ്പിലെ സിപിഒ സുധീഷ്(40)നെ ആണ് മരിച്ച നിലയിൽകണ്ടെത്തിയത്. കറന്താടിന് സമീപം അടഞ്ഞ് കിടക്കുന്ന ആശുപത്രി കെട്ടിട വളപ്പിൽ നിന്നാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുൻവശത്തായി ഒരാൾ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നേരത്തെ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലായിരുന്നു സുധീഷ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇയാൾക്കെതിരെ ചില പരാതികൾ ഉയർന്നതിനെ തുടർന്ന് എആർ ക്യാമ്പിലേയ്‌ക്ക് മാറ്റിയെന്നാണ് വിവരം. കുറച്ച് ദിവസമായി സുധീഷ് മെഡിക്കൽ ലീവിലാണെന്നും വിവരമുണ്ട്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചാതകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.















