തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരുടെ ഓവർകോട്ടിന്റെ നിറം മാറുന്നു. ഇനി മുതൽ കറുത്ത നിറത്തിലുള്ള ഓവർകോട്ടാകും തൊഴിലാളികൾ ധരിക്കേണ്ടി വരിക. കോട്ട് വാങ്ങാൻ 96,726 രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് 188 കോട്ട് വാങ്ങാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. പണം അനുവദിച്ച് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തവിറക്കി.
ശുചീകരണവിഭാഗത്തിലെ തൊഴിലാളികൾക്ക് 188 കോട്ടിന് തുണി വാങ്ങാൻ കൈത്തറി വികസന കോർപ്പറേഷന് പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഇതിനുള്ള ജിഎസ്ടി ഉൾപ്പടെയുള്ള ചെലവിനായാണ് പണം അനുവദിച്ചത്. ഒരെണ്ണത്തിന് 514 രൂപയാണ് വില. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ പണം അനുവദിക്കുന്നത്.
പോകുന്ന വഴിയിൽ കറുത്ത ശീല കണ്ടാൽ കലി ഇളകുന്ന മുഖ്യമന്ത്രിയും കരിങ്കൊടി കാണിച്ചാൽ അടിച്ചോടിക്കുന്ന പോലീസിനെയും പട്ടിയെ പോലെ തല്ലി ചതയ്‌ക്കുന്ന ജീവൻ രക്ഷാസേനയുടെയും പ്രശ്നങ്ങൾക്ക് കേരളം സാക്ഷിയായതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ പുതിയ പരിഷ്കാരം. ഉത്തരവ് സർക്കാരിന്‍റേത് ആണെങ്കിലും കോട്ടിന്‍റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികളുടെ ആശങ്ക.















