ചെന്നൈ: കൊറിയൻ ഗായക സംഘം BTS-നെ കാണാൻ വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂർ സ്വദേശികളായ 13 വയസുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. കട്പാടി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടികൾ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ റെയിൽവേ പോലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് കൊറിയൻ ഗായക സംഘത്തെ കാണാൻ പോകുന്ന വിവരം കുട്ടികൾ വെളിപ്പെടുത്തിയത്.
14,000 രൂപയുമായി വ്യാഴാഴ്ചയാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. സ്‌കൂളിലേക്ക് പോകുകയാണെന്ന് വ്യാജേനയാണ് പെൺകുട്ടികൾ വീട്ടിൽനിന്നും ഇറങ്ങിയത്. വിശാഖപട്ടണത്തെത്തി കപ്പൽ മാർഗം കൊറിയയ്‌ക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ കാട്പാടി റെയിൽവേ സ്റ്റേഷനിൽ ഇവർ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയി. സംശയാസ്പദമായ രീതിയിൽ പെൺകുട്ടികളെ കണ്ടതോടെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവർക്ക് കൗൺസിലിംഗ് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടുമെന്ന് പോലീസ് അറിയിച്ചു.















