മുംബൈ: മോശം രംഗങ്ങളുള്ള സിനിമകളുടെ വാണിജ്യ വിജയം “അപകടകരമായ” പ്രവണതയാണെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ പറഞ്ഞു. ഔറംഗബാദിൽ നടന്ന അജന്ത എല്ലോറ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്തായ ജാവേദ് അക്തർ.
എന്നാൽ സിനിമയുടെ പേര് അദ്ദേഹം പരാമർശിച്ചില്ല.
അനിമൽ എന്ന സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും ചിത്രത്തിലെ ചില രംഗങ്ങൾ അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു.
“സമൂഹം കൈയ്യടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസംവിധായകർക്ക് ഒരു പരീക്ഷണ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ഒരു പുരുഷൻ സ്ത്രീയോട് ചെരുപ്പ് നക്കാൻ ആവശ്യപ്പെടുന്ന ഒരു സിനിമയുണ്ടെങ്കിൽ, ഒരു സ്ത്രീയെ സ്ത്രീ ആയത് കൊണ്ട്തല്ലിയാലും കുഴപ്പമില്ല എന്ന് ഒരു പുരുഷൻ പറയുന്ന സിനിമയുണ്ടെങ്കിൽ അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റാണെങ്കിൽ വളരെ അപകടകരമാണെന്ന്” അക്തർ പറഞ്ഞു.
“ഏതൊക്കെ സിനിമകൾ സ്വീകരിക്കണം, നിരസിക്കണം എന്ന് തീരുമാനിക്കേണ്ട ബാധ്യത ഇന്ന് പ്രേക്ഷകർക്കാണ്. ഇന്നത്തെ കാലത്ത് സിനിമാക്കാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം പ്രേക്ഷകർക്കാണെന്ന് ഞാൻ കരുതുന്നു. കൂടാതെ, സിനിമകളിൽ ഏതുതരം മൂല്യങ്ങളും ധാർമ്മികതയും കാണിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പന്ത് ഇപ്പോൾ പ്രേക്ഷകരുടെ കോർട്ടിലാണ്”.
സന്ദീപ് റെഡ്ഡി വാംഗയുടെ ആനിമലിലെ ഒരു പ്രധാന രംഗമാണ് അദ്ദേഹം പരാമർശിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ രൺവിജയ് (രൺബീർ കപൂർ) തന്റെ പ്രണയിനി സോയയോട് (തൃപ്തി ധിമ്രി) തന്നോടുള്ള സ്നേഹം തെളിയിക്കാൻ തന്റെ ഷൂ നക്കാൻ ആവശ്യപ്പെടുന്നുണ്ട് .
ആഗോളതലത്തിൽ ഏകദേശം 900 കോടി രൂപ നേടിക്കൊണ്ട് ആനിമൽ വാണിജ്യ വിജയം നേടിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകരും വിമർശകരും ഈ ചിത്രത്തെ സ്ത്രീവിരുദ്ധവും അക്രമാസക്തമായി മുദ്രകുത്തി എതിർക്കുന്നു.