പത്തനംതിട്ട: മദ്യലഹരിയിൽ 65-കാരിയായ മാതാവിനെ ക്രൂരമായി തല്ലിച്ചതച്ച് മകൻ. ചക്ക വേവിച്ചു നൽകാത്തതിനാണ് മകൻ വിജേഷ് അമ്മയായ സരോജനിയെ മർദ്ദിച്ചത്. സംഭവത്തിൽ വയോധികയുടെ രണ്ട് കൈകളും ഒടിഞ്ഞിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജേഷിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സ്ഥിര മദ്യപാനിയായ വിജേഷ് ഇന്ന് രാവിലെയാണ് ബന്ധുവീട്ടിൽ നിന്നും ചക്ക കൊണ്ടുവന്നത്. പുറത്തുപോയി വരുമ്പോഴേക്കും ചക്ക വേവിച്ചു നൽകാൻ വിജേഷ് അമ്മയ്‌ക്ക് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ തിരിച്ച് വീട്ടിലെത്തിയപ്പോൾ ചക്ക വേവിയ്‌ക്കാത്തതിനെ തുടർന്നുണ്ടായ വാക്കുത്തർക്കമാണ് അമ്മയെ മർദ്ദിക്കാൻ കാരണമായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വീടിന്റെ പരിസരത്തു കിടന്നിരുന്ന ആഞ്ഞിലിയുടെ കൊമ്പുകൊണ്ടാണ് ഇയാൾ അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിൽ കൈകൾക്കേറ്റ പരിക്കിനു പുറമെ നടുവിനും തലയ്‌ക്കും വയോധികയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സരോജനിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















