ജയ്പൂർ: ബലാത്സംഗക്കേസിൽ പ്രതിയായ രാജസ്ഥാനിലെ മുൻ കോൺഗ്രസ് എംഎൽഎ മേവാരം ജെയിനിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജെയിനിന്റെ പാർട്ടി അംഗത്വം റദ്ദാക്കിക്കൊണ്ട് കോൺഗ്രസ് ഉത്തരവിറക്കി. രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രാണ് ഉത്തരവിറക്കിയത്.
ബാർമറിലെ മുൻ എംഎൽഎയാണ് മേവാരം ജെയിൻ.തന്റെ മകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ജെയിനിനെതിരെ ബാർമർ സ്വദേശിയായ വീട്ടമ്മ രണ്ട് വർഷം മുമ്പ് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയിൻ, സഹായികളായ രാംസ്വരൂപ് ആചാര്യ, പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് സിംഗ് രാജ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തത്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുൻ കോൺഗ്രസ് എംഎൽഎയുടെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തുകൊണ്ട് പാർട്ടി ഉത്തരവിറക്കിയത്.















