തിരുവനന്തപുരം: കേരളത്തിന്റെ കൗമാര മേളയ്‌ക്ക് ഇന്ന് സമാപനമാകും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം 4.30-ാനണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരും കോഴിക്കോടും കാഴ്ച വയ്‌ക്കുന്നത്. 228 ഇനങ്ങളുടെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ 896 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്തെങ്കിൽ തൊട്ട് പിന്നിൽ 892 പോയിന്റുമായി കണ്ണൂരുമുണ്ട്. പാലക്കാട് 888 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.















