പ്രാണ പ്രതിഷ്ഠ ചടങ്ങിൽ കുടുംബ സമേതം പങ്കെടുക്കുമെന്ന് നടൻ ചിരഞ്ജീവി. പുതിയ ചിത്രമായ ‘ഹനുമാന്റെ’ പ്രീ റിലീസ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ചരിത്രത്തിലെ നാഴികകല്ലിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാംചരണും ഭാര്യ ഉപാസനയും അദ്ദേഹത്തെ അനുഗമിച്ചേക്കുമെന്നാണ് വിവരം.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം മാലോകർക്കായി തുറക്കുകയാണ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.















