വയനാട്: ഭർത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്ന ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഗുലാമിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ സഫാന എത്തിയിരിക്കുന്നത്. തലാഖ് ചൊല്ലിയതിന് പിന്നാലെ സഫാനയെയും കുഞ്ഞിനെയും ഭർതൃമാതാവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി സഫാന പറഞ്ഞു.
2019 ജൂൺ ആറിനാണ് ഗുലാമും സഫാനയും വിവാഹിതരായത്. പെൺകുഞ്ഞ് പിറന്നതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് സഫാന ജനം ടിവിയോട് പറഞ്ഞു. സ്ത്രീധനം തന്നില്ലെന്ന് പറഞ്ഞ് ഭർത്താവും ഉമ്മയും നിരന്തരം വഴക്കിടുമായിരുന്നു. ഇതിനിടയിലാണ് വിദേശത്ത് ജോലി ചെയ്യുന്ന ഗുലാം തലാഖ് ചൊല്ലിയത്.
തലാഖ് ചൊല്ലിയതിനാൽ താൻ ഭാര്യയല്ലെന്നാണ് ഭർത്താവും ഉമ്മയും പറയുന്നത്. തലാഖ് ചൊല്ലിയാൽ ഇനി കോടതി വഴി ഒന്നും ചെയ്യേണ്ടെന്നാണ് അവരുടെ വാദം. ഗുലാമിന്റെ വക്കീൽ ഉൾപ്പെടെ തലാഖിന് അനുകൂലമായ നിലപാടാണ് എടുത്തത്. മുസ്ലീമായാൽ തലാഖ് ചൊല്ലിയാൽ ബന്ധം അവസാനിച്ചുവെന്നാണ് വക്കീൽ പോലും പറയുന്നതെന്ന് സഫാന കുട്ടിച്ചേർത്തു.
തന്റെ മകളോടൊപ്പം ഭർത്താവിന്റെ വീട്ടിൽ കഴിയാനാണ് തന്റെ ആഗ്രഹമെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും സഫാന വ്യക്തമാക്കി.















