തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനുമാൻ. ജനുവരി 12-ന് തീയേറ്ററിലെത്തുന്ന ചിത്രത്തിലെ ഓരോ ടിക്കറ്റിൽ നിന്നും അഞ്ചു രൂപ അയോദ്ധ്യ രാമക്ഷേത്രത്തിന് നൽകും. രാമക്ഷേത്രത്തിന്റെ നിർമ്മാണ ചിലവിനായാണ് പണം മാറ്റുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടയിൽ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത് ശ്രേഷ്ഠമായൊരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് വർമയാണ് ഹനുമാൻ സിനിമ സംവിധാനം. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാൻ ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ‘അഞ്ജനാദരി’എന്ന സാങ്കൽപ്പിക ലോകത്താണ് ‘ഹനു- മാന്റെ’ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി നായകന് ലഭിക്കുന്നതും ‘അഞ്ജനാദരി’ എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ.
പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായകയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.















