ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം തുടങ്ങി. പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സഹായിക്കണമെന്ന് അദ്ദേഹം മാലിദ്വീപ് നേതാക്കളോട് അഭ്യർത്ഥിച്ചു.
മാലദ്വീപിന്റെ വിദേശനയത്തിന്റെ സ്ഥിരത നിലനിർത്താൻ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) പ്രതിജ്ഞാബദ്ധമാണെന്ന് അലി അസിം പറഞ്ഞു. ഒരു അയൽരാജ്യത്തെയും ഒറ്റപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ല. പ്രസിഡന്റ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഉന്നത നേതാക്കളുമായുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്ന് അലി അസിം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തെ കടുത്ത ഭാഷയിലാണ് മാലദ്വീപ് മുൻ പ്രതിരോധ മന്ത്രി വിമർശിച്ചത്. അനുചിതമായ പരാമർശങ്ങൾ മാലദ്വീപ് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് മരിയ അഹമ്മദ് ദീദി പറഞ്ഞു. പ്രതിരോധ മേഖലയിലുൾപ്പെടെ ഇന്ത്യ നൽകുന്ന സഹായങ്ങൾ വിസ്മരിക്കാനാകില്ലെന്നും, മാലദ്വീപിന്റെ വിശ്വസനീയമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കെതിരെയും ഭാരതത്തിനെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു മരിയ അഹമ്മദിന്റെ പ്രസ്താവന.
ഇന്ത്യൻ നേതാക്കൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അബിദി വ്യക്തമാക്കി. ഇന്ത്യയോട് മാപ്പ് പറയണമെന്ന് അദ്ദേഹം മാലദ്വീപ് സർക്കാരിനോട് ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്റ് മുയിസു നേരിട്ട് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.