ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് മാജിക്കിന്റെ അലയൊലികൾ ദേശാന്തരങ്ങളിൽ പടർന്നു കയറുമ്പോൾ തൊട്ടുമുൻപ് ഇതേപോലെ അദ്ദേഹം നടത്തിയ മറ്റൊരു യാത്രയുടെ ഫലത്തെക്കുറിച്ചുള്ള ചർച്ചകൾ വാർത്താ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ചതിനു ശേഷമുണ്ടായ മാറ്റങ്ങളാണ് നിരീക്ഷകരെ അദ്‌ഭുതപ്പെടുത്തുന്നത്. പ്രോജക്ട് ടൈഗറിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ 9 നായിരുന്നു അദ്ദേഹം ബന്ദിപ്പൂരിൽ എത്തിയത്.

കാക്കി ജാക്കറ്റും പുള്ളികളുള്ള സഫാരി ഡ്രെസ്സും ആകർഷകമായ ഒരു തൊപ്പിയും ധരിച്ചു കൊണ്ട് ബന്ദിപ്പൂരിന്റെ വന്യമായ സൗന്ദര്യത്തിൽ ലയിച്ചു നിൽക്കുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങൾ അന്ന് തന്നെ വൈറലായിരുന്നു.

തുടർന്ന് തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച പ്രധാനമന്ത്രി ദമ്പതികളായ ബൊമ്മൻ, ബെല്ലി എന്നിവരുമായി ആശയവിനിമയം നടത്തി. ഓസ്‌കർ നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സിൽ അഭിനയിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിയുമായി പങ്കിട്ട നിമിഷങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടു. ബൊമ്മനും ബെല്ലിയും വളർത്തുന്ന ആനകൾക്ക് കരിമ്പ് തീറ്റുന്ന വീഡിയോകൾ നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്.

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ള അന്തരാഷ്‌ട്ര സെലിബ്രിറ്റികൾ ഈ ഫോട്ടോകൾ പങ്കുവെക്കുകയും മോദിയെ അഭിനന്ദിക്കുകയും ചെയ്തു. ടൈഗർ റിസർവിലെ സഫാരിക്കിടെ തുറന്ന ജീപ്പിൽ ഏകദേശം 20 കിലോമീറ്റർ ദൂരം അദ്ദേഹം യാത്ര ചെയ്തു. ഈ ഫോട്ടോകൾ ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിന്റെ പരസ്യമായി മാറി.

തന്റെ ട്വിറ്റർ ഹാൻഡിലിൽ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് “സുന്ദരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചെലവഴിച്ചു, ഇന്ത്യയുടെ വന്യജീവികളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ഒരു നേർക്കാഴ്ച ലഭിച്ചു” എന്ന് നരേന്ദ്ര മോഡി എഴുതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ബന്ദിപ്പൂർ സന്ദർശിച്ചതിന് പിന്നാലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
പ്രധാനമന്ത്രിയുടെ വരവിനുശേഷം ബന്ദിപ്പൂരിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി. വരുമാനത്തിലും മുമ്പത്തേക്കാൾ വർധനയുണ്ടായി. 2023ൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 4 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. വിദേശ വിനോദ് സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായത്. ലോകത്തെ പല ടൂർ ഓപറേറ്റർമാരും ആഫ്രിക്കൻ സഫറിയോടൊപ്പം തന്നെ ബന്ദിപ്പൂർ സഫാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പ്രതിവർഷം എട്ടു കോടി രൂപയായിരുന്നു ഇവിടുത്തെ വരുമാനം. എന്നാൽ പ്രധാനമന്ത്രി വന്ന് പോയതിന് ശേഷം 2023ൽ 12 കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ഈ വർദ്ധനവ് 2023 മാർച്ചിന് ശേഷമാണ് ഉണ്ടായത്.
വരുമാനത്തിന്റെ കാര്യത്തിൽ, കർണാടകയിലെ എല്ലാ സഫാരി മേഖലകളിലും വെച്ച് ബന്ദിപ്പൂർ ഒന്നാം സ്ഥാനത്താണ്. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സഫാരി വാഹനങ്ങൾക്ക് ക്ഷാമം നേരിട്ടു. അവിടെ എത്തിച്ചേരുന്നവരിൽ മൂന്നിലൊന്നു പേർക്കുള്ള സഫാരി വാഹനങ്ങളെ ലഭ്യമായിട്ടുള്ളൂ എന്ന രീതിയിലായിരുന്നു സന്ദർശകരുടെ വർദ്ധന. വനംവകുപ്പ് അധിക വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ അത് പര്യാപ്തമല്ല.
ബന്ദിപ്പൂർ ദേശീയോദ്യാനം നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഒരു പ്രധാന ഭാഗമാണ് , കർണാടകയിലെ രാജീവ് ഗാന്ധി നാഷണൽ പാർക്കും (നാഗർഹോളെ), തെക്ക് തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതവും തെക്ക് പടിഞ്ഞാറ് കേരളത്തിലെ വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു. ഇവിടങ്ങളിലെ പ്രത്യേകം കണക്കെടുത്താൽ അഭൂതപൂർവ്വമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങിനെ ആഭ്യന്തര- വിദേശ ടൂറിസത്തിനു അത്യന്തം ഊർജ്ജദായകമായിരുന്നു നരേന്ദ്രമോദിയുടെ ബന്ദിപ്പൂർ സന്ദർശനം എന്നാണ് കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . സമാനമായ ഒരു കുതിച്ചു ചട്ടം ലക്ഷദ്വീപിന്റെ ടൂറിസം മേഖലക്കും ഉണ്ടാകും എന്നാണ് പ്രതീക്ഷ.















