പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസായിരുന്നു. ഡിസംബർ മുതൽ കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നു. കുറച്ചു നാളായി റാഷിദ് ഖാന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു.
രാംപൂർ-സഹസ്വാൻ ഘരാനയിൽ നിന്നുള്ള ക്ലാസിക്കൽ ഗായകനും ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ്. ഉത്തർ പ്രദേശ് സ്വദേശിയായ റാഷിദ് ഖാൻ 11-ാം വയസിലാണ് ആദ്യമായി കച്ചേരി അവതരിപ്പിക്കുന്നത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി സംഗീത് റിസർച്ച് അക്കാഡമിയിൽ ചേർന്ന സംഗീത പ്രതിഭയെ പരിപൂർണ സംഗീതഞ്ജനായി പരുവപ്പെടുത്തുന്നതിൽ അക്കാഡമിക്ക് വലിയ പങ്കുണ്ടായിരുന്നു.
ജബ് വി മെറ്റ് എന്ന ഷാഹിദ് കപൂർ ചിത്രത്തിലെ ആവോഗെ ജബ് തും എന്ന ഗാനം വെള്ളിത്തിരയിൽ റാഷിദ് ഖാന് വലിയ പ്രശസ്തി നൽകി. പിന്നാലെ ഷാരൂഖ് ചിത്രം മൈ നെയിം ഈസ് ഖാൻ, മോസം ചില ബംഗാളി ചിത്രങ്ങൾ തുടങ്ങിയവയിലോക്കെ എണ്ണം പറഞ്ഞ ഗാനങ്ങൾ ആലപിച്ചു. ഇതിൽ റാസ് 3,ഹേറ്റ് സ്റ്റോറി 2 എന്നീ ചിത്രങ്ങളിൽ സംഗീതം പകർന്നതും റാഷിദ് ഖാൻ ആയിരുന്നു. 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.2006ൽ സംഗീത നാടക അക്കാഡമി അവാർഡും 2012ൽ മഹാ സംഗീത് സമ്മാൻ അവാർഡും നേടി. 2022ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.