ന്യൂഡൽഹി: രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്ക് വിദേശ സഹായം വാങ്ങിയെന്ന കേസിൽ സ്ഥാപനത്തിന്റെ എച്ച് ആർ മേധാവിയെ കോടതി മാപ്പ് സാക്ഷിയാക്കി. യുഎപിഎ വകുപ്പ് പ്രകാരമെടുത്തിരിക്കുന്ന കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അമിത് ചക്രവർത്തി അപേക്ഷ നൽകിയിരുന്നു. ഇയാളുടെ ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗർ അംഗീകരിക്കുകയായിരുന്നു.
കേസിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താൻ തയ്യാറാണെന്ന് ചക്രവർത്തി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്താൻ ചൈനീസ് ഏജന്റുമാരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചു, രാജ്യത്തിന്റെ പരമാധികാരം തകർക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെയും എച്ച് ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫീസിലും സ്ഥാപനവുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്.