ആയിരം പൗർണമി ശോഭയിൽ തിളങ്ങുന്ന ഗാനഗന്ധർവന് സമ്മാനവുമായി ആരാധകൻ. കെജെ യേശുദാസിന്റെ 84-ാം പിറന്നാളിന് 84 ചിത്രങ്ങൾ വരച്ച് സ്നേഹമറിയിച്ചിരിക്കുകയാണ് എറണാകുളം ചെറായി സ്വദേശിയായ വിനോദ് ഡിവൈൻ.
യേശുദാസിനോടുള്ള ആരാധനയിൽ പിറന്നതാണ് ഈ ചിത്രങ്ങളത്രയും. കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടിയിരുന്ന സമയത്താണ് വിനോദ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. അങ്ങനെ കൈ അറിയാതെ കാൻവാസിൽ ചിത്രങ്ങൾ രൂപപ്പെട്ടു. അഞ്ച് പത്തായി, പത്ത് ഇരുപതായി..ഒടുവിൽ 84-ൽ എത്തി നിൽക്കുന്നു. പത്ത് രൂപയുടെ പേന ഉപയോഗിച്ചാണ് വരയ്‌ക്കുന്നത്. മറ്റുള്ളവർ അയച്ച് തന്നതും ഇന്റർനെറ്റിൽ പരതിയുമാണ് കാൻവാസിൽ പകർത്തിയതെന്ന് വിനോദ് പറഞ്ഞു.
ഗാനഗന്ധർവനൊപ്പം പ്രവർത്തിച്ചവരുടേത് ഉൾപ്പെടെ 150 ചിത്രങ്ങളാണ് വിനോദ് വരച്ചിട്ടുള്ളത്. ഇന്ന് ആലുവയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചെറായി കരുത്തല ജംഗ്ഷനിൽ കഴിഞ്ഞ 32 വർഷമായി സ്റ്റിക്കർ കട നടത്തുകയാണ് വിനോദ് ഡിവൈൻ.















