കണ്ണൂർ: അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ അറസ്റ്റ് ചെയ്ത് എൻഐഎ.കണ്ണൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ ഓടക്കാലി സ്വദേശിയായ സവാദ് സംഭവ ദിവസം മുതൽ ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2010-ലായിരുന്നു ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈ സവാദ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടി മാറ്റിയത്. കുറ്റകൃത്യം നടന്ന ജൂലൈ 4-ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ നീണ്ട 13 വർഷം സവാദിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൂചനകളുടെ അടിസ്ഥാനത്തിൽ പിടികൂടാൻ ശ്രമിച്ചുവെങ്കിലും കണ്ടെത്താനായില്ല. പാകിസ്താൻ,അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സവാദ് കടന്നെന്ന തരത്തിലുള്ള വാർത്തകൾ പടർന്നിരുന്നു. വിദേശ രാജ്യങ്ങളിലടക്കം സവാദിനായി അന്വേഷണം നടക്കുന്നതിനിടയിലാണ് ദേശീയ അന്വേഷണ ഏജൻസി കണ്ണൂരിൽ നിന്നും പ്രതിയെ പിടികൂടിയത്.
അദ്ധ്യാപകന്റെ കൈ വെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് സവാദ് അന്ന് ഒളിവിൽ പോയത്. ഇതുവരെയും മഴു കണ്ടെത്തിയിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനും പരിക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു കൂട്ടു പ്രതികൾക്കും അറിയില്ലായിരുന്നു. കേസിലെ കൂട്ടുപ്രതികളുമായും സംഭവ ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.