പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി, വിലക്കും നേരിട്ട സ്മിത്തിനെ വീണ്ടും നായകനാക്കി ഓസ്ട്രേലിയയുടെ സർപ്രൈസ് നീക്കം. വിൻഡീസിനെതിരുയള്ള ഏകദിന പരമ്പരയിലാണ് താരം നായകനായി മടങ്ങിയെത്തുന്നത്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിനും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നായകനായ മിച്ചൽ മാർഷിനും വിശ്രമം അനുവദിച്ചതോടെയാണ് പഴയ ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്ട്രേലിയ ചുമതലയേൽപ്പിച്ചത്.
മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹേസൽവുഡിനും വിൻഡീസിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. 2018ലെ പന്ത് ചുരുണ്ടൽ വിവാദത്തിന് ശേഷം സ്മിത്തിനെ ഓസ്ട്രേലിയ ക്യാപ്റ്റനാക്കുന്നത് ഇതാദ്യമാണ്. ആജീവനാന്ദം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് താരത്തെ വിലക്കണമെന്നതടക്കമുള്ള വാദങ്ങൾ ഉയർന്നിരുന്നു.
ഓസ്ട്രേലിയൻ ടീം സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, നേഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡീ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ലാൻസ് മോറിസ്, ജേ റിച്ചാർഡ്സൺ, മാറ്റ് ഷോർട്, ആദം സാംപ എന്നിവരടങ്ങുന്നതാണ് ഓസ്‌ട്രേലിയയുടെ ഏകദിന സ്‌ക്വാഡ്. ഏകദിന ലോകകപ്പിൽ ഓസീസിന്റെ വിജയശിൽപിയായ ട്രാവിസ് ഹെഡാണ് വൈസ് ക്യാപ്റ്റൻ.















