ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കാനായി 2,400 കിലോഗ്രാം ഭാരമുള്ള മണി യുപിയിലെ എറ്റായിൽ ഒരുങ്ങുന്നു.
എറ്റാ ജില്ലയിലെ ജലേസർ പട്ടണത്തിലാണ് “അഷ്ടധാതു”ക്കൾ (എട്ട് ലോഹങ്ങൾ) കൊണ്ട് നിർമ്മിച്ച ഭീമാകാരമായ മണി തയ്യാറായത്.
സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഈയം, ടിൻ, ഇരുമ്പ്, മെർക്കുറി. എന്നിങ്ങിനെ എട്ടു ലോഹങ്ങൾ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചു. 30 ഓളം പേരുടെ സംഘമാണ് ഇത് നിർമ്മിച്ചത്.

മെറ്റൽ ബിസിനസുകാരനായ ആദിത്യ മിത്തലും സഹോദരനായ പ്രശാന്ത് മിത്തലും ചേർന്നാണ് ഈ മണി ക്ഷേത്രത്തിനു സംഭാവന ചെയ്യുന്നത്. ജലേസർ നഗർ പഞ്ചായത്ത് മുൻ ചെയർമാനായിരുന്ന തന്റെ സഹോദരൻ വികാസ് മിത്തൽ ക്ഷേത്രത്തിന് മണി സംഭാവന ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് 2022 ൽ അന്തരിച്ചുവെന്നും അദ്ദേഹത്തിന്റെ സ്മരണാർഥം തങ്ങൾ ഈ ചുമതല ഏറ്റെടുക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.
ആറടി ഉയരവും അഞ്ചടി വീതിയുമുള്ള ഈ മണിയുടെ മുഴക്കം 2 കിലോമീറ്റർ ചുറ്റളവിൽ എത്തുമെന്ന് ആദിത്യമിത്തൽ പറഞ്ഞു.
കരകൗശല വിദഗ്ധർക്ക് പേരുകേട്ട എറ്റാ ജില്ലയിൽ ക്ഷേത്രമണികൾക്ക് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്.

ജലേസറിൾ മാത്രംഈ തരത്തിലെ ഏകദേശം 300 ഫാക്ടറികൾ പ്രവർത്തിക്കുന്നു. യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതിക്ക് കീഴിൽ ജലേസറിന്റെ പിച്ചള കരകൗശലവസ്തു വ്യവസായം വൻ അഭിവൃദ്ധിയാണ് പ്രാപിച്ചത്.















