എറണാകുളം: അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് റിമാൻഡിൽ. കൊച്ചിയിലെ എൻഐഎയുടെ പ്രത്യേക കോടതിയാണ് ഈ മാസം 24 വരെ സവാദിനെ റിമാൻഡ് ചെയ്തത്. സംഭവം നടന്ന ദിവസം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
2010-ലായിരുന്നു അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈ സവാദ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിയത്. ചോദ്യ പേപ്പറിൽ മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ചായിരുന്നു കൈപ്പത്തി വെട്ടിമാറ്റിയത്. കുറ്റകൃത്യം നടന്ന ജൂലൈ 4-ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സവാദിനെ പിടികൂടാൻ സാധിച്ചില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയാണ് ഇന്ന് കണ്ണൂരിൽ നിന്ന് സവാദിനെ പിടികൂടിയത്.
മട്ടന്നൂർ 19-ാം മൈൽ ബേരത്താണ് ഷാജഹാൻ എന്ന പേരിൽ സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. എട്ടുമാസമായി ഇവിടെ താമസിക്കുന്ന സവാദ് മരപ്പണിയായിരുന്നു ചെയ്തിരുന്നത്.