മുംബൈ: ഉദ്ധവ് താക്കറെ വിഭാഗത്തിന് വൻ തിരിച്ചടി. യഥാർത്ഥ ശിവസേന ഷിൻഡെ വിഭാഗമാണെന്ന് മഹാരാഷ്‌ട്ര സ്പീക്കർ രാഹുൽ നർവേക്കർ. ഉദ്ധവ്പക്ഷ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ചുള്ള തർക്കത്തിലാണ് സ്പീക്കറുടെ തീരുമാനം. അന്തിമ തീരുമാനത്തിനായി സ്പീക്കറെ ചുമതലപ്പെട്ടുത്തിയതായി സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ നർവേക്കർ തീരുമാനം സ്വീകരിച്ചത്.
2018-ലെ ശിവസേനയുടെ ഭരണഘടന അംഗീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 1999-ലെ ഭരണഘടന മാത്രമേ സ്വീകരിക്കാനാകൂവെന്നും സ്പീക്കർ വ്യക്തമാക്കി. ശിവസേനയിലെ പിളർപ്പിന് ശേഷം ഇരുവിഭാഗങ്ങളും പരസ്പരം എംഎൽഎമാരെയും എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണ് ഇന്ന് അന്തിമതീരുമാനം വന്നിരിക്കുന്നത്.















