തിരുവനന്തപുരം: എൻഎസ്എസിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസ് – കമ്യൂണിസ്റ്റ് കൂട്ടുകെട്ടിനേറ്റ പ്രഹരമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ കുറിച്ചുള്ള എൻഎസ്എസിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയും, സ്വാർത്ഥ താത്പര്യത്തിനും രാഷ്‌ട്രീയ നേട്ടങ്ങൾക്കും വേണ്ടിയാണെന്നുമായിരുന്നു എൻഎസ്എസിന്റെ പ്രതികരണം.
സനാതന വിശ്വാസികളുടെ 500 വർഷത്തെ കാത്തിരിപ്പാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം. ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്താനാണ് ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ ഇരു പാർട്ടികളും ചെയ്തത്. ഇൻഡി മുന്നണി ആരുടെ സ്വാധീനത്താലാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് വ്യക്തമാണ്. ശ്രീരാമ ഭഗവാന്റെ പുണ്യഭൂമിയെ നിന്ദിക്കുന്നത് ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമാണ്. പ്രീണന രാഷ്‌ട്രീയത്തിന് ഈശ്വരവിശ്വാസികളായ കേരള ജനത മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ മുസ്ലീം വോട്ട് ബാങ്ക് ചോരുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എഐസിസിയ്‌ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.















