ആലപ്പുഴ: കടക്കെണിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നും പ്രസാദിന്റെ ഭാര്യ ഓമന എടുത്ത വായ്പ കുടിശ്ശിക വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.
2022 ഓഗസ്റ്റിലാണ് ഓമന സ്വയം തൊഴിൽ വായ്പയായി 60,000 രൂപ പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് എടുത്തത്. 15,000 രൂപയോളം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശ്ശികയായ 17,600 രൂപ അഞ്ച് ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.
അടുത്തിടെയാണ് കൃഷി ഇറക്കാൻ വായ്പ കിട്ടാത്തതിൽ മനം നൊന്ത് കെ ജി പ്രസാദ് ജീവനൊടുക്കിയത്. പാഡി റെസീപ്റ്റ് (പിആർഎസ്) കുടിശ്ശികയുടെ പേരിലായിരുന്നു പ്രസാദിന് വായ്പ നിഷേധിച്ചത്. 2011-ൽ പ്രസാദ് ഒരു കാർഷിക വായ്പ എടുത്തിരുന്നു. 2021-ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്‌ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബിൽ സ്‌കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന്റെ കാരണം കേരള സർക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിരുന്നു. പ്രസാദിന്റെ മരണത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.