വാഷിംഗ്ടൺ: അമേരിക്കയിൽ അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം ശ്രീ താനേദർ. ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും, ഹിന്ദുഫോബിയ എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും താനേദർ പറഞ്ഞു. ” രാജ്യത്ത് ഹിന്ദുഫോബിയയോ മറ്റേതെങ്കിലും ഫോബിയയോ ഒരു രീതിയിലും വച്ചുപൊറുപ്പിക്കാനാകില്ല. മതങ്ങൾ തമ്മിൽ പരസ്പരം സ്‌നേഹത്തോടെ സഹായിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും” താനേദർ വ്യക്തമാക്കി.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ചരിത്രപരമായ സംഭവമാണെന്നും അദ്ദേഹം പ്രശംസിച്ചു. ” അയോദ്ധ്യയിൽ രാമക്ഷേത്രം വീണ്ടും ഉയരുന്നു എന്നതിന് വിവിധ മാനങ്ങളുണ്ട്. ഓരോ ഇന്ത്യക്കാരനും ഏറെ അഭിമാനം നൽകുന്ന കാര്യമാണത്. ക്ഷേത്രത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം പ്രചരിക്കുന്നുണ്ട്. ഏറെ മനോഹരമാണത്. രാമായണമെന്ന ഇതിഹാസത്തിലൂടെ ഓരോ വ്യക്തികളേയും ഒരുമിപ്പിക്കാനാകുന്നു എന്നത് മികച്ച സാംസ്‌കാരിക ബന്ധത്തെയാണ് തെളിയിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല രാമായണം അതീവ മഹത്തരമായ ഇതിഹാസമായി കാണുന്നത്.
ഏഷ്യ-പസഫിക് മേഖലയിലെ 15ഓളം രാജ്യങ്ങളിലെ ജനങ്ങൾ വിലമതിക്കാനാകാത്ത ഒന്നായി രാമായണത്തെ കാണുന്നു. രാമക്ഷേത്രം തുറക്കുന്നത് ഇവർക്കെല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. നമ്മുടെ സംസ്‌കാരമാണ് അവർ ആഘോഷമാക്കുന്നതെന്നും” താനേദർ പറഞ്ഞു. രാമക്ഷേത്രം തുറക്കുന്നത് തങ്ങൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് യുഎസിലെ തായ്ലൻഡ് അംബാസഡർ തനീ സംഗ്രത് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് തന്റെ നാട്ടിലും ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















