തിരുവനന്തപുരം: നവകേരള സദസിന്റെ പര്യടനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച നവകേരള ബസ് പൊളിച്ചു പണിയും. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയ്‌ക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ബസിൽ മാറ്റങ്ങൾ വരുത്തുന്നത്. ഇതിനായി ബെംഗളൂരുവിലെ നിർമ്മാണ കേന്ദ്രത്തിൽ ബസ് പണിക്ക് കയറ്റി.
പൊതുജനങ്ങൾക്ക് വാടകയ്‌ക്ക് കൊടുക്കുന്നതിന് മുന്നോടിയായി, മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി. കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും ഗ്ലാസും മാറ്റുമെങ്കിലും ശുചിമുറി നിലനിർത്തും. മുഖ്യമന്ത്രി ഇരുന്നസീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെൻട്രൽ വർക്‌സിൽ സൂക്ഷിക്കാനാണ് തീരുമാനം. രണ്ടാഴ്ചയ്‌ക്കുള്ളിൽ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജനുവരി 2ന് എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ പര്യടനം അവസാനിച്ചതിന് പിന്നാലെയാണ് ബസ് അറ്റകുറ്റപ്പണിയ്‌ക്കായി കൈമാറിയത്.
ഒരു കോടി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നവകേരള സദസിനായി ബസ് നിർമ്മിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബസ് വാങ്ങിയതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.















