ബെംഗളൂരു: ഗോവയിൽ അമ്മ കൊലപ്പെടുത്തിയ നാലുവയസുകാരന്റെ സംസ്‌ക്കാരം നടന്നു. രാജാജിനഗറിലെ ഹരിശ്ചന്ദ്രഘട്ടിലാണ് ചിന്മയുടെ മൃതശരീരം സംസ്‌ക്കരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. ഡാറ്റാ സയന്റിസ്റ്റായ പിതാവ് വെങ്കട്ട് രാമനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.നാല് വയസുള്ള മകന്റെ മൃതദേഹവുമായി 39 കാരിയായ സ്റ്റാർട്ടപ്പ് സ്ഥാപക സുചന സേത്തിനെ തിങ്കളാഴ്ചയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കുഞ്ഞിനെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്സിയിൽ വരുമ്പോഴായിരുന്നു അറസ്റ്റ്. വടക്കൻ ഗോവയിലെ കണ്ടോലിമിലെ സോൾ ബനിയൻ ഗ്രാൻഡെ അപ്പാർട്ട്മെന്റിൽ വെച്ചാണ് സുചന ഇളയ മകനെ കൊലപ്പെടുത്തിയത്.
മകനെ കൊലപ്പെടുത്തിയ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് സംഭവത്തിൽ ഒട്ടും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടിയെ തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ ഭർത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
സുചന സേത്ത് അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് മൂന്ന് മാസം മുമ്പാണ്. നിഗൂഢമായ അടിക്കുറിപ്പ് സഹിതം അക്വേറിയത്തിന് സമീപം കളിക്കുന്ന ഒരു കുട്ടിയായിരുന്നു പോസ്റ്റിൽ.