എറണാകുളം: സീറോ മലബാർ സഭയ്‌ക്ക് ഇനി പുതിയ നാഥൻ. സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റെടുത്തു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. 2018 മുതൽ ഷംഷാബാദ് രൂപതയുടെ മെത്രാനാണ് ബിഷപ്പ് റാഫേൽ തട്ടിൽ. കർദിനാൾ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്.
1956 ഏപ്രിൽ 21-നായിരുന്നു മാർ റാഫേൽ തട്ടിലിന്റെ ജനനം. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1980 ഡിസംബർ 21-ന് തൃശൂർ രൂപതയ്‌ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ രൂപതയുടെ സഹായ മെത്രനായി 2010-ൽ നിയമിക്കപ്പെട്ടു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാർ തട്ടിൽ.















