കൊച്ചി : അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർത്ത് കെ ടി ജലീൽ എം എൽ എ . ഇന്ത്യയേയും , പാകിസ്താനേയും താരതമ്യപ്പെടുത്തിയാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
പാകിസ്താനിൽ പോലും ഏതെങ്കിലും ഒരു പ്രസിഡന്റോ, പ്രധാനമന്ത്രിയോ അവിടുത്തെ പ്രസിദ്ധമായ ഏതെങ്കിലുമൊരു പള്ളിക്ക് തറക്കല്ലിട്ടതോ മതചടങ്ങിന് നേതൃത്വം നൽകിയതോ കേട്ടുകേൾവിയില്ല. വേദപണ്ഡിതരും സന്യാസിവര്യരും ചെയ്യേണ്ട ജോലി ഒരു രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി ചെയ്യുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്നുമാണ് ജലീൽ പറയുന്നത് .
മാത്രമല്ല രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് ഇടത് പാർട്ടികളുടെ വഴിയിൽ വന്നതിനെ ജലീൽ സ്വാഗതം ചെയ്യുന്നുമുണ്ട് . അവസാനം കോൺഗ്രസ്സിനും കാര്യം തിരിഞ്ഞു . ചെയ്ത പാപങ്ങൾക്ക് കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇടതുപക്ഷ പാർട്ടികൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ക്ഷണം കിട്ടിയ ഉടനെതന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.വൈകിയെങ്കിലും കോൺഗ്രസ്സ്, ഇടതുപാർട്ടികൾ വഴിനടത്തിയ പാതയിലൂടെ മതേതര പ്രയാണത്തിന് തയ്യാറായത് സ്വാഗതാർഹമാണ് എന്നാണ് ജലീൽ പറയുന്നത് . രാമക്ഷേത്ര ഭൂമിപൂജാ ചടങ്ങിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയച്ച അശോക് ഗഹ്ലോട്ടിനെ ജലീൽ പരിഹസിക്കുകയും ചെയ്യുന്നു.