അമൃത്സർ: പഞ്ചാബിൽ 4000 കോടി രൂപയുടെ ഹൈവേ പദ്ധതികൾക്ക് തറക്കല്ലിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസം ദസറ ഗ്രൗണ്ടിൽ നടന്ന റാലിക്കിടെ 29ൽ അധികം വരുന്ന ഹൈവേ പദ്ധതികൾക്കാണ് അദ്ദേഹം തറക്കല്ലിട്ടത്. കേന്ദ്ര വാണിജ്യമന്ത്രി സോം പർകാശ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുനിൽകുമാർ, മറ്റ് എംപിമാർ, എഎൽഎമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഫഗ്‌വാരാ-ഹോഷിയാർപൂർ ബൈപ്പാസ് എന്ന നാലുവരി പാത പ്രധാന പദ്ധതികളിലൊന്നാണ്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് അരമണിക്കൂറായി കുറയും. ഇത് നഗരത്തിലെ തിരക്ക് ലഘൂകരിക്കും. ഹോഷിയാർപൂരിലേക്ക് ദേശീയപാത 44 വഴി നേരിട്ടുള്ള പാത തുറന്നു കിട്ടും.
1600 കോടി രൂപ ചെലവിൽ ജലന്ധർ മുതൽ പത്താൻകോട്ട് റൂട്ടിൽ മുകേരിയൻ, ദസൂയ, ഭോഗ്പൂർ എന്നിവടങ്ങളിൽ 45 കിമി നാലുവരി ബൈപ്പാസിന്റെ പണി പൂർത്തിയാക്കും. 800 കോടി ചെലവിൽ തണ്ടയിൽ നിന്നും ഹോഷിയാർപൂരിലേക്ക് ബൈപ്പാസും നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.
അതിവേഗ പാതകൾ യാഥാർത്ഥ്യമാക്കുന്നതോടെ അടിസ്ഥാന സൗകര്യമേഖലയിൽ വൻകുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിത നിലവാരത്തിൽ വൻ പരിവർത്തനം സൃഷ്ടിക്കും അതോടൊപ്പം പരിധിയില്ലാത്ത കണക്ടിവിറ്റി യാഥാർത്ഥ്യമാകും. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കരുത്തുപകരുകയും ചെയ്യും.















