പത്തനംതിട്ട: അയ്യപ്പഭക്തന്മാരെ പിഴയാൻ പദ്ധതിയിട്ട കടകൾക്ക് ഇതുവരെ പിഴയിനത്തിൽ ചുമത്തിയത് ഒൻപത് ലക്ഷത്തിലധികം രൂപ. നവംബർ 17 മുതൽ ജനുവരി 11 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
പഴകിയ ഭക്ഷണങ്ങൾ വിൽക്കുക, അമിത വില ഈടാക്കുക, അളവിലെ വെട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയത്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരോട് അമിത തുക ഈടാക്കിയവർക്കും പിഴ ചുമത്തി. വിവവിവരം പ്രദർശിപ്പിക്കാത്തവരെ താക്കീത് ചെയ്തിട്ടുണ്ട്.
ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37,000 രൂപയാണ് ഈ ഘട്ടത്തിൽ മാത്രം ഈടാക്കിയത്. ആറ് ഡ്യൂട്ടി മജിസ്ട്രേറ്റുകളുടെ കീഴിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്ക്വാഡുകളാണ് സന്നിധാനത്ത് പ്രവർത്തിക്കുന്നത്. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരായ 14 പേരാണ് ഒരു സ്ക്വാഡിലുള്ളത്.