തിരുവനന്തപുരം: അധികാരികളുടെ മുഖത്ത് നോക്കി ധീരമായി പ്രതികരിക്കുന്ന ആളാണ് എം.ടിയെന്ന് നടൻ ഹരീഷ് പേരടി. ഒരായിരം അടിമത്തത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ എംടി വിമർശിച്ചതിനു പിന്നാലെയാണ് നടൻ ഹരീഷ് പേരടി പ്രശംസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളെ പ്രീതിപ്പെടുത്തുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്‌ട്രീയ സംസ്ക്കാരമെന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രശംസ.
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം.ടി പറഞ്ഞത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയിരിക്കുകയാണ്. ജനാവലി ആൾക്കൂട്ടമായി മാറുന്നു. ഈ ആൾക്കൂട്ടത്തെ പടയാളികളും ആരാധകരുമാക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നുമായിരുന്നു എം.ടി പറഞ്ഞത്.