ചണ്ഡീഗഢ്: പാകിസ്താൻ പതാകയുടെ ചിത്രമുള്ള വ്യാജ അക്കൗണ്ടിനെതിരെ അമൃത്സറിലെ ശിരോമണി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി എക്‌സിന് നോട്ടീസ് അയച്ചു. കമ്മിറ്റിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മതവിദ്വേഷം പരത്തുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നുവെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് അമൻബീർ സിംഗ് സിയാലിയാണ് നോട്ടീസ് അയച്ചത്.
സിഖുകാരുടെ മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നതാണ് സംഭവമെന്ന അഡ്വ.സിയാലി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിദ്വേഷം പരസ്പര സാഹോദര്യത്തിനും ഭീഷണിയാണ്. അതുകൊണ്ട് തന്നെ വ്യാജ എക്‌സ് അക്കൗണ്ടുകൾ ഉടൻ ഡിലീറ്റ് ചെയ്യണം. ഇല്ലെങ്കിൽ ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശിരോമണി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി കത്തെഴുതിയതായും അദ്ദേഹം വ്യക്തമാക്കി.















