പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ എരുമേലിയിൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലായിരുന്നു നടന്നത്. ഉച്ചക്ക് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളലും നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയത്.
സമൂഹപെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ നടന്നത്. അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളിൽ നിന്നായി 300 -ഓളം സ്വാമിമാരായിരുന്നു പേട്ടതുള്ളി പോയത്. പേട്ട തുള്ളൽ കാണുന്നതിനായി നിരവധി ഭക്തരാണ് എരുമേലിയിൽ എത്തിയിട്ടുള്ളത്. പാണനിലകളും വിവിധതരം ഛായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാർ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേർക്കാഴ്ചയാണ് പേട്ടതുള്ളൽ.
12 മണിയോടെയായിരുന്നു കൊച്ചമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്ന് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ നടന്നത്. സാക്ഷാൽ അയ്യപ്പന്റെ അവതാരത്തിനായി മോഹിനീരൂപം പൂണ്ട വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ് അമ്പലപ്പുഴക്കാർ ആദ്യം പേട്ടതുള്ളിയത്.
ഉച്ചയ്‌ക്ക് 3 മണിയോടെ പിതൃസ്ഥാനീയരായ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ തുടക്കമാകും. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരു പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുക. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30-ന് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് സമാപിക്കും.















